കടുത്തുരുത്തി: കാപ്പുന്തല-തുരുത്തിപ്പള്ളി റോഡരികില്‍ അപകട ഭീഷിണി ഉയര്‍ത്തി കുഴികൾ. സമീപത്ത് കൂടി ഒഴുകുന്ന കൂവേലി തോടിന്റെ കല്‍ക്കെട്ടിന് സമീപത്താണ് അപകട ഭീഷിണി ഉയര്‍ത്തുന്ന നിരവധി കുഴികളുള്ളത്. സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന റോഡരികിലാണ് ദുരന്ത ഭീഷിണിയുമായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.
മുന്‍കാലങ്ങളിലും ഇത്തരത്തില്‍ റോഡരികില്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കിലും നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ കുഴികള്‍ അടച്ചു പരിഹരിക്കുകുയായിരുന്നു. മഴ ശക്തമായതോടെ തോടിന്റെ കല്ക്കെട്ടിനിടെയിലൂടെ മണ്ണ് ഒലിച്ചു പോകുന്നതാണ് വീണ്ടും കുഴികള്‍ രൂപപെടാനിടയാക്കിയത്. വിദ്യാര്‍ഥികള്‍ ഉൾപ്പെടെ നടന്നു പോകുമ്പോള്‍ ഈ ഭാഗങ്ങളില്‍ ചവുട്ടിയാല്‍ താഴേക്കു വീണു അപകടമുണ്ടാകുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്കുന്നു. ഇത്തരത്തില്‍ 150 മീറ്ററിലേറേ ദൂരത്തില്‍ റോഡിന്റെ വശങ്ങളില് ഭീഷിണി നിലനില്‍ക്കുകയാണ്.
പ്രദേശവാസിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ജോണിച്ചന് പൂമരത്തേല് പ്രശ്നം മന്ത്രി മോന്‍സ് ജോസഫിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. താത്കാലികമായി ബാരിക്കേഡുകള്‍ സ്ഥാപിചച്ച ശേഷം കുഴികളടച്ച് അപകട ഭീഷിണി ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.
മഴ മാറിയ ശേഷം പ്രദേശത്തെ അപകട സാധ്യത പൂര്‍ണമായും ഒഴിവാക്കാനാവശ്യമായ ശാശ്വത നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.